മോസ്കോ: ജനന നിരക്ക് വലിയ തോതിൽ കുറയുന്നുവെന്ന കണക്കുകൾക്ക് പിന്നാലെ സെക്സ് മന്ത്രാലയം പോലും രൂപീകരിക്കാനുള്ള നീക്കത്തിലാണ് റഷ്യയും പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റഷ്യയിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് റഷ്യയിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത കുട്ടികൾ വേണ്ടെന്ന് പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന രീതിയിൽ 'പുതിയ നിയമം' പാസാക്കി എന്നതാണ്. കുട്ടികള്‍ വേണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് 4 ലക്ഷം റൂബിൾ (മൂന്നര ലക്ഷം രൂപ) വരെ പിഴ ലഭിക്കുന്ന നിലയിലുള്ള നിയമമാണ് റഷ്യ പാസാക്കിയതെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുട്ടികൾ വേണ്ടെന്ന പ്രചാരണം റഷ്യയുടെ വിശാലമായ ഭാവിക്ക് ഭീഷണിയാണെന്നതടക്കമുള്ള കാര്യങ്ങൾ 'പുതിയ നിയമം' ചൂണ്ടികാട്ടിയിട്ടുണ്ട്. വ്യക്തികളാണ് ഈ പ്രചരണം നടത്തുന്നതെങ്കിലാണ് മൂന്നര ലക്ഷം പിഴ. ഉദ്യോഗസ്ഥരോ സ്ഥാപനങ്ങളോ ആണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെങ്കിൽ പിഴ തുക ഇരട്ടിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2024 ആദ്യപകുതിയില്‍ 599,600 കുട്ടികളാണ് റഷ്യയില്‍ ജനിച്ചത്. 2023 ആദ്യപകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവാണ് കാണിക്കുന്നത്. 16,000 കുട്ടികളുടെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ഈ നിലയിൽ ജനന നിരക്ക് കുറയുന്നത് റഷ്യക്ക് അപകടം ചെയ്യുമെന്ന വിലയിരുത്തലിലാണ് സർക്കാർ 'പുതിയ നിയമങ്ങൾ' കൊണ്ടുവരുന്നത്. ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാൻ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള പ്രസിഡന്റ് പുടിന്‍റെ നീക്കം വൈകാതെ പ്രാബല്യത്തിലാകുമെന്നാണ് സൂചന. പുടിന്‍റെ വിശ്വസ്തയും കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, ശിശുവിഭാഗം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്ന നിന ഒസ്ടാനിനയാണ് ആശയത്തിന് പിന്നിൽ. കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അടക്കം നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. ജോലിക്കിടയിലെ ഒഴിവുവേളകളിൽ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന’ ആഹ്വാനമടക്കം പുടിൻ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.